2 Reis 18

Indian Revised Version in Malayalam (MAL)

1 യിസ്രായേൽ രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാ രാജാവായ ആഹാസിന്‍റെ മകൻ ഹിസ്ക്കീയാവ് രാജാവായി.

2 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു വര്‍ഷം വാണു. അവന്‍റെ അമ്മയ്ക്ക് അബി എന്നു പേരായിരുന്നു; അവൾ സെഖര്യാവിന്‍റെ മകൾ ആയിരുന്നു.

3 അവൻ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു.

4 അവൻ പൂജാഗിരികൾ നീക്കി; വിഗ്രഹസ്തംഭങ്ങൾ തകർക്കുകയും, അശേരാപ്രതിഷ്ഠ നശിപ്പിക്കുകയും, മോശെ ഉണ്ടാക്കിയ താമ്രസർപ്പം ഉടെച്ചുകളയുകയും ചെയ്തു; ആ കാലം വരെ യിസ്രായേൽ മക്കൾ അതിനു ധൂപം കാട്ടിവന്നു; അതിന് നെഹുഷ്ഠാൻ എന്നു പേരായിരുന്നു.

5 അവൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവനു മുമ്പും പിമ്പും ഉണ്ടായിരുന്ന സകലയെഹൂദാ രാജാക്കന്മാരിൽ ആരും അവനോടു തുല്യനായിരുന്നില്ല.

6 അവൻ യഹോവയോടു ചേർന്നിരുന്ന്, അവനെ വിട്ടു പിന്മാറാതെ, യഹോവ മോശെയോട് കല്പിച്ച കല്പനകൾ പ്രമാണിച്ചുനടന്നു.

7 യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർ രാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു.

8 അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ ഫെലിസ്ത്യപ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

9 യിസ്രായേൽ രാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായ, ഹിസ്കീയാരാജാവിന്‍റെ നാലാം ആണ്ടിൽ, അശ്ശൂർ രാജാവായ ശൽമനേസർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്ന് അതിനെ ഉപരോധിച്ചു.

10 മൂന്നു വര്‍ഷം കഴിഞ്ഞശേഷം അവൻ അത് പിടിച്ചടക്കി; അങ്ങനെ ഹിസ്ക്കീയാവിന്‍റെ ആറാം ആണ്ടിൽ, യിസ്രായേൽ രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നെ, ശമര്യ പിടിക്കപ്പെട്ടു.

11 അശ്ശൂർ രാജാവ് യിസ്രായേൽ ജനത്തെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാൻനദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.

12 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്‍റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതും ലംഘിക്കുകയാൽ തന്നെ ഇപ്രകാരം സംഭവിച്ചു; അവർ ദൈവകൽപ്പന കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.

13 യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്‍റെ പതിനാലാം ആണ്ടിൽ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചടക്കി.

14 അപ്പോൾ യെഹൂദാ രാജാവായ ഹിസ്ക്കീയാവ് ലാഖീശിൽ ആയിരുന്ന അശ്ശൂർരാജാവിന്‍റെ അടുക്കൽ ആളയച്ചു: “ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ട് മടങ്ങിപ്പോകേണം; നീ എനിക്ക് കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം” എന്നു അറിയിച്ചു. അശ്ശൂർ രാജാവ് യെഹൂദാ രാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു പൊന്നും പിഴ കല്പിച്ചു.

15 ഹിസ്ക്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉള്ള വെള്ളിയെല്ലാം അവനു കൊടുത്തു.

16 ആ കാലത്ത് യെഹൂദാ രാജാവായ ഹിസ്ക്കീയാവ് യഹോവയുടെ മന്ദിരത്തിന്‍റെ വാതിലുകളിലും കട്ടിളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും ഇളക്കിയെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു.

17 എങ്കിലും അശ്ശൂർ രാജാവ് തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്ന് ഒരു വലിയ സൈന്യവുമായി ഹിസ്കീയാരാജാവിന്‍റെ അടുക്കൽ യെരൂശലേമിന്‍റെ നേരെ അയച്ചു; അവർ പുറപ്പെട്ടു യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കരികെയുള്ള മേലത്തെ കുളത്തിന്‍റെ കല്പാത്തിക്കരികെ ചെന്നുനിന്നു.

18 അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്‍റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ മകൻ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും അവരുടെ അടുക്കൽ പുറത്തു ചെന്നു.

19 റബ്-ശാക്കേ അവരോട് മഹാരാജാവായ അശ്ശൂർ രാജാവിന്‍റെ കൽപ്പനപ്രകാരം ഹിസ്കീയാവിനോട് അറിയിക്കാനായി പറഞ്ഞതെന്തെന്നാൽ: “നിന്‍റെ ആശ്രയം എന്തിലാകുന്നു?

20 യുദ്ധത്തിന് വേണ്ട ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നത് വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോട് മത്സരിച്ചിരിക്കുന്നത്?

21 ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അത് ഒരുവൻ ഊന്നുവടിയാക്കിയാൽ അവന്‍റെ ഉള്ളം കയ്യിൽ തറച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.

22 അല്ല, നിങ്ങൾ എന്നോട്, ‘ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു’ എന്നു പറയുന്നു എങ്കിൽ, അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും ‘യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്‍റെ മുമ്പിൽ നമസ്കരിപ്പിൻ’ എന്നു കല്പിച്ചത്.

23 ആകട്ടെ; എന്‍റെ യജമാനനായ അശ്ശൂർ രാജാവുമായി വാതു കെട്ടുക വാക്കു കൊടുക്കുക; നിനക്കു മതിയായ കുതിരച്ചേവകർ ഉണ്ടെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരകളെ തരാം.

24 നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും പരാജയപ്പെടുത്തി മടക്കി അയക്കും? രഥങ്ങൾക്കും കുതിരച്ചേവകർക്കുമായി നീ മിസ്രയീമിനെ ആശ്രയിക്കുന്നുവല്ലോ.

25 ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്‍റെ നേരെ പുറപ്പെട്ടു വന്നിരിക്കുന്നത്? യഹോവ എന്നോട്: ‘ഈ ദേശത്തിന്‍റെ നേരെ പുറപ്പെട്ടു ചെന്നു അതിനെ നശിപ്പിക്ക’ എന്നു കല്പിച്ചിരിക്കുന്നു.”

26 അപ്പോൾ ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: “അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അത് ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോട് യെഹൂദാഭാഷയിൽ സംസാരിക്കരുതേ” എന്നു പറഞ്ഞു.

27 റബ്-ശാക്കേ അവരോട്: “നിന്‍റെ യജമാനനോടും നിങ്ങളോടും മാത്രം ഈ വാക്കുകൾ പറവാനോ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കുകയും ചെയ്‌വാൻ വിധിക്കപ്പെട്ട മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരും കേൾക്കുവാൻ അല്ലയോ?” എന്നു പറഞ്ഞു.

28 അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: “മഹാരാജാവായ അശ്ശൂർ രാജാവിന്‍റെ വാക്കു കേൾക്കുവിൻ.

29 രാജാവ് ഇപ്രകാരം കല്പിക്കുന്നു, ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്‍റെ കയ്യിൽനിന്നു വിടുവിപ്പാൻ അവനു കഴിയുകയില്ല.

30 ‘യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർ രാജാവിന്‍റെ കയ്യിൽ ഏല്പിക്കയില്ല’ എന്നു പറഞ്ഞ് ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.

31 ഹിസ്കീയാവിന് നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർ രാജാവ് ഇപ്രകാരം കല്പിക്കുന്നു: ‘നിങ്ങൾ എന്നോട് സന്ധിചെയ്ത് എന്‍റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും താന്താന്‍റെ കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്തുകൊൾവിൻ.

32 പിന്നെ ഞാൻ വന്ന് നിങ്ങളുടെ ദേശത്തേപ്പോലെ ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; ‘യഹോവ നമ്മെ വിടുവിക്കും’ എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്.

33 ചുറ്റുമുള്ള ജനതകളുടെ ദേവന്മാർ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂർ രാജാവിന്‍റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

34 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമര്യയെ അവർ എന്‍റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

35 ആ ദേശങ്ങളിലെ ദേവന്മാരിൽ ആരെങ്കിലും തന്‍റെ ദേശത്തെ എന്‍റെ കയ്യിൽനിന്നു വിടുവിച്ചുവോ? എങ്കിൽ യഹോവ യെരൂശലേമിനെ എന്‍റെ കയ്യിൽനിന്നും വിടുവിക്കുമോ?”

36 എന്നാൽ ജനം മിണ്ടാതിരുന്നു; അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.

37 ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും കൊട്ടാരം കാര്യസ്ഥനായ ശെബ്നയും ആസാഫിന്‍റെ മകനായ യോവാഹ് എന്ന ചരിത്രം എഴുതുന്നവനും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽവന്ന് റബ്-ശാക്കേയുടെ വാക്കുകൾ അവനോട് അറിയിച്ചു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Reis 18, comparar traduções ou montar um estudo — tudo direto pelo WhatsApp.