1 Samuel 13

Indian Revised Version in Malayalam (MAL)

1 ശൗല്‍ രാജാവായപ്പോൾ (മുപ്പതു) വയസ്സ് ആയിരുന്നു; അവൻ യിസ്രായേലിൽ രണ്ടു വർഷം ഭരിച്ചു.

2 ശൗല്‍ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.

3 പിന്നെ യോനാഥാൻ ഗിബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അത് കേട്ടു. “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ് ശൗല്‍ ദേശത്തെല്ലാം കാഹളം ഊതിച്ചു.

4 ശൗല്‍ ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്ക് വെറുപ്പായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൗലിന്‍റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.

5 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപ്പടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.

6 എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.

7 എബ്രായർ യോർദ്ദാൻ നദി കടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗല്‍ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്‍റെ പിന്നാലെ ചെന്നു.

8 ശമൂവേൽ നിശ്ചയിച്ചിരുന്നതുപോലെ അവൻ ഏഴു ദിവസം കാത്തിരുന്നു. എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ട് ചിതറിപ്പോയി.

9 അപ്പോൾ ശൗല്‍: “ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു; അവൻ തന്നെ ഹോമയാഗം അർപ്പിച്ചു.

10 ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൗല്‍ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റു ചെന്നു.

11 “നീ ചെയ്തത് എന്ത്?” എന്നു ശമൂവേൽ ചോദിച്ചു.

12 ഫെലിസ്ത്യർ ഇപ്പോൾ ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോട് കൃപക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നു ചിന്തിച്ചപ്പോൾ അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി” എന്നു പറഞ്ഞു.

13 ശമൂവേൽ ശൗലിനോട് പറഞ്ഞത്: “നീ ചെയ്തത് ഭോഷത്വം ആയിപ്പോയി; നിന്‍റെ ദൈവമായ യഹോവ നിന്നോട് കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്‍റെ രാജത്വം എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.

14 എന്നാൽ നിന്‍റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്‍റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്‍റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.”

15 പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്ന് ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി നോക്കി. അവർ ഏകദേശം അറുനൂറ് പേർ ഉണ്ടായിരുന്നു.

16 ശൗലും അവന്‍റെ മകൻ യോനാഥാനും കൂടെയുള്ള ജനങ്ങളും ബെന്യാമീനിലെ ഗിബെയയിൽ താമസിച്ചു; ഫെലിസ്ത്യർ മിക്മാസിൽ പാളയമിറങ്ങി.

17 ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്ക് പോയി;

18 മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്ക് പോയി; മൂന്നാമത്തെ കൂട്ടം മരുഭൂമിക്ക് നേരേ സെബോയീം താഴ്വരക്കെതിരെയുള്ള ദേശം വഴിക്കും പോയി.

19 എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത്” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു.

20 യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.

21 എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.

22 അതുകൊണ്ട് യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്‍റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.

23 ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 13, comparar traduções ou montar um estudo — tudo direto pelo WhatsApp.